ഫ്ലോറിഡ: മുപ്പത്തിനാല് വർഷം മുമ്പ് ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ 74-കാരനായ പ്രതി ഡസ്റ്റി റേ സ്പെൻസറി വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. വ്യാഴാഴ്ച വൈകിട്ട് 6.10-ഓടെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വച്ചായിരുന്നു ശിക്ഷാ നടപടികൾ.
ഫ്ലോറിഡയുടെ ചരിത്രത്തിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കൂടിയ തടവുകാരനാണ് സ്പെൻസർ.
ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന ഒൻപതാമത്തെ വധശിക്ഷയാണിത്. ലൂസിയാനയിലെ സ്റ്റാർക്കിന് സമീപമുള്ള ജയിലിൽ വച്ച് മൂന്ന് മരുന്നുകൾ അടങ്ങിയ മാരകമായ ഇഞ്ചക്ഷൻ നൽകിയാണ് ശിക്ഷ നടപ്പാക്കിയത്. "ആ കുടുംബത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ആത്മാവിനെ ഞാൻ ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു.
ഞാൻ വരികയാണ് ദൈവമേ..," എന്നതായിരുന്നു ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് സ്പെൻസറിന്റെ അവസാന വാക്കുകൾ.1991 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഭാര്യ കാരൻ സ്പെൻസറിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലായ ഡസ്റ്റി റേ, താൻ പുറത്തിറങ്ങിയാൽ തുടങ്ങിയത് അവസാനിപ്പിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
1992 ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പ്രതികാരബുദ്ധിയോടെ കാരനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കൗമാരക്കാരനായ വളർത്തു മകനെ ഇസ്തിരിപ്പെട്ടി കൊണ്ട് ക്രൂരമായി മർദ്ദിച്ചു. തൊട്ടടുത്ത ആഴ്ച വീടിന് പുറത്തു വച്ച് കാരന്റെ തലയിൽ ചെങ്കല്ല് കൊണ്ട് അടിക്കുകയും, നെഞ്ചിൽ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മകൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കോടതി വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് വന്ന നിയമനടപടികളെ തുടർന്ന് ശിക്ഷ പുനഃപരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഫ്ലോറിഡ സുപ്രീം കോടതിയും, വ്യാഴാഴ്ച യുഎസ് സുപ്രീം കോടതിയും പ്രതിയുടെ അവസാന അപ്പീലും തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാനായതെന്ന് അധികൃതർ വ്യക്തമാക്കി.